തുടർ ചികിത്സ; ഉമ്മൻ ചാണ്ടിയെ ഞായറാഴ്ച്ച ബെംഗളൂരുവിലേക്ക് മാറ്റും

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയെ ഞായറാഴ്ച്ച ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും. നിലവിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് ന്യുമോണിയ ഭേദമായതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

നേരത്തെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള തുടർചികിത്സയ്ക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തടസ്സമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്നതിനുവേണ്ട എല്ലാ സൗകര്യവും എഐസിസി ഒരുക്കുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചത്. ഉമ്മൻ ചാണ്ടിയെ അദ്ദേഹം സന്ദർശിക്കുകയും ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

അതേസമയം, സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡും കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയെ പരിശോധിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിന് മെഡിക്കൽ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി ഉമ്മൻചാണ്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.

തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് തനിക്ക് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം വാർത്തകൾക്ക് മറുപടി നൽകിയത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.