കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. വിഷയവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേർത്തു. ചൊവ്വാഴ്ച രാവിലെ പത്തരക്ക് കൊച്ചിയിലാണ് യോഗം ചേരുന്നത്. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ബസ് ഉടമകളും തൊഴിലാളികളും ചർച്ചയിൽ പങ്കെടുക്കും.
അമിതവേഗത്തിലോടിയ ബസ്സിടിച്ച് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടിരുന്നു. തുടർന്നാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടായത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു. സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊച്ചിയിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചിരുന്നു.
അതേസമയം, കൊച്ചി നഗരത്തിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്.

