ന്യൂഡൽഹി: അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ യോഗ്യത ഉറപ്പാക്കുന്നതിനായി അഖിലേന്ത്യാ ബാർ പരീക്ഷ നടത്താൻ, ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന യോഗ്യതാ പരീക്ഷയും പാസാകണം. നിയമബിരുദം പൂർത്തിയാക്കിയവർക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ അഖിലേന്ത്യാ ബാർ പരീക്ഷയും എഴുതണമെന്ന വ്യവസ്ഥക്കെതിരായ ഹർജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
യോഗ്യത പരീക്ഷ എൻറോൾമെന്റിന് മുമ്പ് നടത്തണോ, ശേഷം നടത്തത്തണോ എന്ന കാര്യത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് തീരുമാനം എടുക്കാമെന്നും കോടതി നിർദ്ദേശം നൽകി. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അഭിഭാഷക നിയമത്തിലെ 24-ാം അനുച്ഛേദത്തിൽ നിഷ്‌കർഷിച്ചിരിക്കുന്നതിന്റെ അപ്പുറം മറ്റ് നിബന്ധനകൾ ഒന്നും പാടില്ലെന്ന മുൻ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.
നിയമബിരുദധാരികൾക്ക് വിഷയത്തിൽ അടിസ്ഥാനവിവരമെങ്കിലുമുണ്ടോയെന്ന് പരിശോധിക്കാനാണ് പരീക്ഷ നടത്തുന്നതെന്നാണ് ബാർ കൗൺസിൽ കോടതിയിൽ പറഞ്ഞത്. അവസാന വർഷ നിയമ വിദ്യാർത്ഥികൾക്ക് കൂടി പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന അമിക്കസ് ക്യുറിയുടെ ശുപാർശയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകി.

