തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കർമപരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 10 മുതൽ നൂറു ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. സംസ്ഥാന വികസനത്തിന് ഗതിവേഗം കൂട്ടുന്ന പദ്ധതികൾ ഇതിലൂടെ യാഥാർത്ഥ്യമാകും. ആകെ 1284 പ്രോജക്റ്റുകൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു. പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങൾ പരിപാടിയുടെ ഭാഗമായുള്ള വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നത്. നൂറുദിനങ്ങളിൽ പുനർഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളിൽ ആയിരത്തോളം ഭവനങ്ങളുടെ താക്കോൽദാനവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും. കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കാൻ സംവിധാനം ഒരുക്കും. വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പിൽ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പിൽ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉൽപ്പാദനവും വിതരണവും ആരംഭിക്കും. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെൻറർ ഓഫ് എക്സലൻസ് കാർഷിക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കും. ബ്രഹ്മപുരം സൗരോർജജ പ്ലാൻറിന്റെ ഉദ്ഘാടനം ഈ കാലയളവിൽ നടത്തും. 275 മെഗാവട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുള്ള പദ്ധതിയാണിതെന്ന് പിണറായി വിജയൻ അറിയിച്ചു.
പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി മേഖലകളിൽ വിദൂര ആദിവാസി കോളനികളിൽ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 500 ഏക്കർ തരിശുഭൂമിയിൽ 7 ജില്ലകളിൽ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്. ഫ്ളോട്ടിംഗ് സോളാർ പ്ലാൻറുകൾ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം വിശദമാക്കി.
പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടു കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

