ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതി ആരംഭിക്കും; ആർബിഐ ഗവർണർ

ന്യൂഡൽഹി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതി ആരംഭിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗ പ്രഖ്യാപനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുക, നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ യന്ത്രങ്ങൾ പുറത്തിറക്കുന്നതെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീനിൽ (ക്യുസിവിഎം) പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് ആർബിഐ പദ്ധതിയിടുന്നത്.

ബാങ്ക് നോട്ടുകൾക്ക് പകരം ഈ വെൻഡിംഗ് മെഷീനുകൾ നാണയങ്ങൾ വിതരണം ചെയ്യും. ഇത് സാധാരണക്കാർക്ക് പ്രയോജനം ചെയ്യുമെന്നും നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഒന്നിലധികം വലിയ ആഘാതങ്ങളെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വിജയകരമായി കൈകാര്യം ചെയ്തു. നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുമ്പത്തേക്കാൾ ശക്തമായി ഉയർന്നുവന്നിട്ടുണ്ടെന്നും ആർബിഐ ഗവർണർ അഭിപ്രായപ്പെട്ടു.

പഠനങ്ങളുടെ അടിസ്ഥാനത്തിൽ ക്യുസിവിഎം പദ്ധതി വിപുലീകരിക്കുമെന്നും ഈ യന്ത്രങ്ങൾ ഉപയോഗിച്ച് നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.