തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിര്‍ദ്ദേശങ്ങള്‍ മാറ്റില്ലെന്ന് ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ധനമന്ത്രിയുടെ വാക്കുകള്‍
‘നികുതി വര്‍ധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ല. 60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടു പോക്കിനും നികുതി പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. 1970ല്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് പഞ്ചായത്തുകളില്‍ വാങ്ങിക്കുന്നത്. ഇന്ത്യയിലെ തന്നെ കുറഞ്ഞ നികുതിയാണിത്. ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചതിന്റെ ഗുണം പഞ്ചായത്തുകള്‍ക്കാണു ലഭിക്കുന്നത്. മോട്ടര്‍ വാഹന നികുതി പരിഷ്‌കരിച്ചതു മറ്റു സംസ്ഥാനങ്ങളിലെ നികുതി കണക്കിലെടുത്താണ്. മദ്യത്തിനു രണ്ടു വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. 500 രൂപയ്ക്കു താഴെയുള്ള മദ്യമാണു സംസ്ഥാനത്തു കൂടുതലും വില്‍ക്കുന്നത്. അതിനു വില കൂട്ടിയിട്ടില്ല. 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിനാണ് കുപ്പിക്ക് 40 രൂപ കൂടിയത്. 7500 കോടിരൂപയാണ് ഇന്ധന സെസിലൂടെയും സര്‍ചാര്‍ജിലൂടെയും കേന്ദ്രം പിരിക്കുന്നത്. 20 രൂപയാണ് ഒരു ലീറ്റര്‍ ഇന്ധനത്തിനു കേന്ദ്രം ഈടാക്കുന്നത്. സാമൂഹിക സുരക്ഷയ്ക്കായാണ് ഇന്ധന സെസ് ഇനത്തില്‍ രണ്ടു രൂപ വര്‍ധിപ്പിച്ചത്. കാടു കാണാതെ മരം കാണുന്നതു പോലെ, ഇവിടുത്തെ പ്രശ്‌നങ്ങള്‍ കാണാതെയാണ് പ്രതിപക്ഷം പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്. ഓരോ ബജറ്റ് വരുമ്പോഴും മോശമാണെന്നു പ്രതിപക്ഷം പറയും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വെട്ടിച്ചുരുക്കുന്ന സാഹചര്യത്തില്‍ വേണം ബജറ്റിനെ വിലയിരുത്തേണ്ടത്. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കു വലിയ നികുതി ഇളവാണ് നല്‍കുന്നത്. കോര്‍പറേറ്റ് നികുതി 30 ശതമാനമായിരുന്നത് 22 ശതമാനമാക്കി. രണ്ടരലക്ഷം കോടിരൂപയുടെ ഇളവാണ് ഇതിലൂടെ കോര്‍പറേറ്റുകള്‍ക്കു ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും കേന്ദ്രവിഹിതം കുറഞ്ഞു. കേരള ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു കൂടുതല്‍ പണം അനുവദിച്ചു. ഇവിടെ സൗകര്യം ഒരുക്കിയാല്‍ വിദേശത്തേക്കു പോയവര്‍ തിരികെ വരും. ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്തിനു 42 ലക്ഷം ചെലവഴിച്ചിട്ടില്ല. ക്ലിഫ് ഹൗസിലെ ചുറ്റുമതില്‍ ഉള്‍പ്പെടെ ആകെ അറ്റകുറ്റപ്പണികള്‍ക്കാണ് 42 ലക്ഷം ചെലവായത്. 11,000 കോടിരൂപ നികുതി ഇനത്തില്‍ വരുമാനം വര്‍ധിച്ചതായി മന്ത്രി പറഞ്ഞു. ജിഎസ്ടി പിരിവ് 25% വര്‍ധിച്ചു. വാറ്റ് 20% വര്‍ധിച്ചു. ധനക്കമ്മിയും ആകെ കടവും കുറഞ്ഞു. സ്വര്‍ണത്തിന്റെ മേഖലയില്‍ നികുതി വരുമാനം വരാനുണ്ട്. ഐജിഎസ്ടി കലക്ഷന്‍ കൃത്യമായി നമുക്കു ലഭിക്കുന്നില്ല. അതിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നു. ജിഎസ്ടിയേക്കാള്‍ പഴയ നികുതി സമ്പ്രദായമായിരുന്നു സംസ്ഥാനത്തിനു നല്ലത്. എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 10 കോടി അനുവദിച്ചു. 10 കോടിരൂപ തുര്‍ക്കിയിലെ ദുരിതാശ്വാസത്തിനായി നല്‍കും. സാധാരണയായി ബജറ്റില്‍ പ്രഖ്യാപിക്കുന്ന നികുതികള്‍ പിന്നീട് കുറയ്ക്കാറില്ല. ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങള്‍ അവര്‍ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും. പിണറായി സര്‍ക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങള്‍ ചെയ്യാനുള്ള താല്‍പര്യമാണുള്ളത്. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമര്‍ശകര്‍. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. പൊതുമേഖല വിറ്റുതുലയ്ക്കുന്ന നിലപാടാണ് അവരുടേത്.’
അതേസമയം, നികുതി നിര്‍ദ്ദേശങ്ങള്‍ മാറ്റാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജിഎസ്ടി പിരിച്ചെടുക്കുന്നതില്‍ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചുകൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവു രണ്ടു ശതമാനമാകാന്‍ കാരണം. നികുതി പിരിവില്‍ പരാജയം ഉണ്ടായെന്നും കള്ളക്കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

