അള്ളാന്റെ വിളി ഉള്ളവർ ഹജ്ജിന് പോയാൽ മതി; അള്ളാഹുവിന്റെ മുമ്പിൽ ആരും വിഐപികളല്ലെന്ന് എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: അള്ളാന്റെ വിളി ഉള്ളവർ ഹജ്ജിന് പോയാൽ മതിയെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഹജ്ജ് നയം സംബന്ധിച്ചാണ് ഹജ്ജ് കമ്മിറ്റി ചെയർമാനായാ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. അള്ളാഹുവിന്റെ മുമ്പിൽ ആരും വിഐപികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഹജ്ജ് നയത്തിൽ വിഐപി ക്വാട്ട നിർത്തലാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.

മോദി ടച്ചുള്ളതാണ് ഈ വർഷത്തെ ഹജ്ജ് നയമെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ തവണ ക്രമക്കേട് നടന്ന സാഹചര്യത്തിലാണ് ഇത്തവണ ബാഗ്, കുട തുടങ്ങിയ വസ്തുക്കൾ ഹജ്ജ് കമ്മിറ്റി വാങ്ങി നൽകേണ്ടതില്ലെന്ന തീരുമാനം താൻ എടുത്തത്. എല്ലാം സുതാര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദേശത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻമാരുമായും മത പണ്ഡിതരൻമാരുമായും താനും മന്ത്രി സ്മൃതി ഇറാനിയും ചർച്ച നടത്തിയിരുന്നു. അവരുടെ അഭിപ്രായങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ ഹജ്ജ് നയം. അള്ളാഹുവിന്റെ മുമ്പിൽ ആരും വിഐപികളല്ലാത്തത് കൊണ്ടാണ് ആ ക്വാട്ട വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഐപി ക്വാട്ട ഉണ്ടായിരുന്നപ്പോൾ ഹജ്ജ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ 50 ആയിരുന്നു കഴിഞ്ഞ തവണ തന്റെ ക്വാട്ട. ബന്ധുക്കളും മറ്റുമായി 5000 പേരെങ്കിലും തന്നെ ബന്ധപ്പെട്ടു. തുടർന്ന് പ്രധാനമന്ത്രിയുടെ ക്വാട്ടയിൽ നിന്ന് താൻ 25 സീറ്റുകൾ ചോദിച്ചു. 25 പോയിട്ട് ഒന്ന് പോലും തരില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ക്വാട്ടയിലുള്ളത് വെയ്റ്റിങ് ലിസ്റ്റിലുള്ളവരുടെ ജനറൽ പൂളിൽ കൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അള്ളാന്റെ വിളി വന്നാൽ ഹജ്ജിന് പോയാൽ മതിയെന്ന സന്ദേശമാണ് മോദി അന്ന് തങ്ങളെ പഠിപ്പിപ്പത്. എത്ര ദീനിയായ പ്രവർത്തനമാണിതെന്നും അദ്ദേഹം വീഡീയോയിൽ പറയുന്നു.