പാകിസ്ഥാന്റെ അനുമതി തേടിയിട്ടില്ല; വിശദീകരണവുമായി ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: തുര്‍ക്കിക്കും സിറിയക്കും സഹായവുമായി പറന്ന ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി ഇന്ത്യന്‍ വ്യോമസേന രംഗത്ത്. പാക്കിസ്ഥാനു മുകളിലൂടെ പറക്കുന്നത് ഇന്ത്യന്‍ സൈന്യം ഒഴിവാക്കിയതാണെന്നാണ് വ്യോമസേനയുടെ വിശദീകരണം. ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രയ്ക്കായി, പാക്കിസ്ഥാന്റെ അനുമതി തേടിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

‘നമ്മുടെ വിമാനങ്ങള്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് പാകിസ്ഥാനു മുകളിലൂടെ പറക്കാറില്ല. യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും പോകുമ്പോള്‍ നമ്മുടെ വിമാനങ്ങള്‍ പാക്കിസ്ഥാന്റെ വ്യോമ മേഖല ഒഴിവാക്കുന്നതിനായി ഗുജറാത്ത് ഭാഗത്തുനിന്ന് അധികദൂരം താണ്ടിയാണ് പറക്കാറുള്ളത്’- വ്യോമസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പാകിസ്ഥാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സേനാ വിമാനങ്ങള്‍ അധികദൂരം താണ്ടിയാണ് ഇരു രാജ്യങ്ങളിലുമെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുര്‍ക്കിയിലും സിറിയയിലും എത്തിയത്.