ഭൂചലനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തുർക്കിയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ; നന്ദി അറിയിച്ച് തുർക്കി അംബാസഡർ ഫിറാത് സുനൽ

ന്യൂഡൽഹി: ഭൂചലനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തുർക്കിയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. തന്റെ രാജ്യത്തിന് സഹായ വാഗ്ദാനം നൽകിയ ഇന്ത്യയ്ക്ക് തുർക്കി അംബാസഡർ ഫിറാത് സുനൽ നന്ദി അറിയിച്ചു. ലോകം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിന്നപ്പോൾ ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലേക്ക് ഡോഗ് സ്‌ക്വാഡുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുൾപ്പെടുന്ന ദുരിതാശ്വാസ സംഘത്തെ ഇന്ത്യ അയച്ചിരുന്നു. തുടർന്നാണ് തുർക്കി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചത്.

ദോസ്ത് എന്ന് അഭിസംബോധന ചെയ്താണ് ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിരാത്ത് സുനേൽ സഹായത്തിന് നന്ദി പറഞ്ഞത്. ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവനാണ് സുഹൃത്ത് എന്ന തുർക്കിഷ് വാക്യവും അദ്ദേഹം പങ്കുവെച്ചു. അതേസമയം, എൻ.ഡി.ആർ.എഫിന്റെ 100 അംഗങ്ങൾ അടങ്ങിയ രക്ഷാ സേനയും മരുന്നുകളും ആയി ഇന്ത്യൻ സംഘം തുർക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി – 17 എയർക്രാഫ്റ്റാണ് തുർക്കിയിൽ ലാൻഡ് ചെയ്തിരിക്കുന്നത്. എൻ ഡി ആർ എഫ് പ്രവർത്തകർ, ഡ്രില്ലിങ് മെഷീൻ, മരുന്നുകൾ, ഡോഗ് സ്‌ക്വാഡ്, ആഹാരം തുടങ്ങിയ എല്ലാം വസ്തുക്കളുമായാണ് തുർക്കിയിൽ വിമാനം എത്തിയിരിക്കുന്നത്. സിറിയയിലേക്കും സഹായം എത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

തുർക്കിയിലേക്ക് എൻഡിആർഎഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂറുപേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടർമാരും ഡോഗ്സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാൻ തീരുമാനിച്ചത്്.

അതേസമയം, ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്.