ലക്കിടി-അടിവാരം റോപ് വേ 2025ല്‍ യാഥാര്‍ഥ്യമാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; നടപടികള്‍ അന്തിമഘട്ടത്തില്‍

ലക്കിടിയില്‍ നിന്ന് അടിവാരം വരെ 3.7 കിലോമീറ്റര്‍ നീളത്തിലുള്ള റോപ് വേ 2025ല്‍ യാഥാര്‍ഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. താമരശ്ശേരി ചുരത്തിലെ കുരുക്കിന് ബദലായി പദ്ധതി ആസൂത്രണം ചെയ്യാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്വേ നിര്‍മ്മിക്കുക. 40 കേബിള്‍കാറുകളാണുണ്ടാവുക. 150 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് പത്തേക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും വാങ്ങിയിരുന്നു. വിശദപദ്ധതിരേഖയും നേരത്തേ സമര്‍പ്പിച്ചതാണ്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

അതേസമയം, പദ്ധതി യാഥാര്‍ഥ്യമായാല്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ റോപ്വേയായിരിക്കുമിത്. നിലവില്‍ ചുരം വഴിയുള്ള യാത്രാപ്രശ്‌നവും പരിഹരിക്കപ്പെടും.