‘അസംബന്ധ സിനിമ, ഓസ്‌കാര്‍ പോയിട്ട് ഭാസ്‌കര്‍ പോലും അതിനു കിട്ടില്ല’; കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുമ്‌ബോഴായിരുന്നു പ്രകാശ് രാജിന്റെ വാക്കുകള്‍.

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം അസംബന്ധ സിനിമയാണെന്നും, ഓസ്‌കാര്‍ പോയിട്ട് ഭാസ്‌കര്‍ പോലും അതിനു കിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമ ഓസ്‌കാറിന് വേണ്ടി അയച്ചതുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പരാമര്‍ശം. ബാന്‍ ചെയ്യണമെന്ന് പറഞ്ഞ പത്താന്‍ ആകട്ടെ 700 കോടി രൂപയിലേറെയാണ് കളക്ഷന്‍ നേടിയതെന്നും പ്രകാശ് രാജ് പറഞ്ഞു.

‘കശ്മീര്‍ ഫയല്‍സ് ഒരു പ്രൊപ്പഗാണ്ട ചിത്രമാണ്. അസംബന്ധവും നാണക്കേടുമാണ് ആ ചിത്രം. ഓസ്‌കാര്‍ അല്ല ഭാസ്‌കര്‍ പോലും ആ സിനിമക്ക് കിട്ടില്ല. അന്താരാഷ്ട്ര ജൂറി അംഗങ്ങള്‍ പോലും ചിത്രത്തെ വിമര്‍ശിച്ചിരുന്നു. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നു എന്ന് ഓരോരുത്തരും തെളിയിക്കേണ്ടി വരുന്നതിന്റെ ആവശ്യമെന്താണ്. നിങ്ങളുടെ അമ്മ ആരാണെന്ന് എല്ലാ ദിവസവും തെളിയിക്കേണ്ടി വരുന്നുണ്ടോ?. ബാന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബോളിവുഡ് ചിത്രം ‘പത്താന്‍’ 700 കോടിയിലേറെ രൂപയാണ് കളക്ഷന്‍ നേടിയത്. മലയാളത്തിലെ പല ചിത്രങ്ങളും ഇപ്പോള്‍ ഡബ്ബിംഗ് പോലുമില്ലാതെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ് ഫോമില്‍ കാണേണ്ടവര്‍ അത്തരത്തില്‍ സിനിമ കാണട്ടെ’-പ്രകാശ് രാജ് പറഞ്ഞു.