കൈക്കൂലി ആരോപണം അതീവ ഗുരുതരം; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: കൈക്കൂലി ആരോപണത്തില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. കൈക്കൂലി ആരോപണം അതീവ ഗുരുതരമാണ്. അന്വേഷണം നടക്കട്ടെ. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും, സത്യം പുറത്തുവരട്ടേ എന്നും കോടതി അറിയിച്ചു.

കൈക്കൂലി ആരോപണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് സൈബിയുടെ ഹര്‍ജി പരിഗണിച്ചത്. പ്രാഥമികമായി വാദം കേട്ട കോടതി, സൈബിയുടെ ആവശ്യങ്ങള്‍ തള്ളുകയായിരുന്നു.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്നും ഇത്ര ധൃതിപിടിച്ച് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ഹര്‍ജി എന്തിനാണ് ഫയല്‍ ചെയ്തതെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ കോടതി പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. ആരോപണം അതീവഗുരുതരമാണെന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്.