കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നാലായിരത്തിലധികം പോളിടെക്നിക്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അപ്രന്റിസ്ഷിപ് നല്‍കിയെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു.
‘സംസ്ഥാനത്തെ അന്‍പതോളം വ്യത്യസ്ത വ്യവസായ മേഖലകളിലാണ് അപ്രന്റിസ് ട്രെയിനികളെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്നിക്കില്‍ നടന്ന കേന്ദ്രീകൃത അഭിമുഖത്തില്‍ മാത്രം 704 പേര്‍ക്കാണ് അപ്രന്റിസ്ഷിപ് നല്‍കിയത്. ഒരു വര്‍ഷത്തേക്കാണ് അപ്രന്റിസുകള്‍ക്ക് ട്രെയിനിങ് നല്‍കുന്നത്. ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനി നിരക്കിലുള്ള സ്‌റ്റൈപ്പന്റ് ഇവര്‍ക്ക് ലഭിക്കും. കളമശ്ശേരിയിലെ സൂപ്പര്‍വൈസറി സെന്റര്‍ മുഖേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നായി അന്‍പതോളം കമ്പനികളുടെ പ്രതിനിധികളാണ് ട്രെയിനികളെ തിരഞ്ഞെടുത്തത്. പുതിയ ബി ടെക്, ഡിപ്ലോമ ബിരുദധാരികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി അവരെ വ്യവസായങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും തൊഴില്‍യോഗ്യരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക പരിജ്ഞാനവും തൊഴില്‍ നൈപുണ്യവും സ്വായത്തമാക്കുകയും അതുവഴി മികച്ച സംരംഭകരാകാന്‍ അവസരമൊരുക്കുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന അപ്രന്റിസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ ഈ സര്‍ട്ടിഫിക്കറ്റ് തൊഴില്‍ പരിചയ സാക്ഷ്യപത്രമായി ഉപയോഗിക്കാം’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

