പിഎഫ്‌ഐ നേതാവ് ഇ. അബൂബക്കറിന് ഫലപ്രദമായ ചികിത്സ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ നേതാവ് ഇ. അബൂബക്കറിന് ഫലപ്രദമായ ചികിത്സ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി തിഹാര്‍ ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു. ചികിത്സ ആവശ്യങ്ങള്‍ക്കായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട്, സംഘടനാ നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അബൂബക്കര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം, അബൂബക്കറിന്റെ ഹര്‍ജിയില്‍ എന്‍.ഐ.എ മറുപടി നല്‍കണമെന്നും സ്വന്തം നിലക്ക് ചലിക്കാനാകാത്ത അബൂബക്കറിന് ഒരു സഹായിയെ വെച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ അദിത് പൂജാരി വ്യക്തമാക്കി. മലയാളവും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന് സഹായിയുമായി ആശയവിനിമയം നടത്താനാവുന്നില്ല. ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഒരു സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു അബൂബക്കര്‍. 71-ാം വയസില്‍ ആദ്യമായാണ് ജയിലില്‍ എത്തുന്നതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഈ വാദത്തെ എതിര്‍ത്ത എന്‍.ഐ.എ അബൂബക്കര്‍ ഹിന്ദിയില്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ടെന്ന് അവകാശപ്പെട്ടു. അതേസമയം, ജാമ്യം അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇ. അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.