രാജ്യത്ത് പഴകിയ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരുകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന നടപടികള്‍ ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹന പൊളിക്കല്‍ നയം നടപ്പാക്കണമെങ്കില്‍ രാജ്യത്ത് 15 വര്‍ഷത്തിലേറെ പഴക്കമുളള ഒമ്പത് ലക്ഷത്തിലേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കും. കേരളത്തില്‍ മാത്രം സര്‍ക്കാരിന്റെ 6,153 വാഹനങ്ങളാണ് പൊളിക്കേണ്ടി വരിക. 4714ലേറെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 15 വര്‍ഷത്തിലേറെ പഴക്കമുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നത് ആരംഭിക്കുന്നതിനൊപ്പം 15 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിലും നടപടികള്‍ കര്‍ശനമായേക്കും. 15 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ടെസ്റ്റിന്റെ ഭാഗമായുള്ള പരിശോധന പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറണമെന്നാണ് വ്യവസ്ഥ.
അതേസമയം, സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയം മൂലം വാഹന നിര്‍മാണ കമ്പനികള്‍ക്ക് നേട്ടമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. പൊളിക്കുന്ന ഒമ്പത് ലക്ഷം വാഹനങ്ങള്‍ക്ക് പകരം വാഹനങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഇതില്‍ പലതും വൈദ്യുത വാഹനങ്ങളാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ വൈദ്യുതി വാഹന കമ്പനികള്‍ക്കും ഈ നയം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

