അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്; മദ്യവ്യവസായിയുമായി ഫോണിലൂടെ ചർച്ച നടത്തിയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. അരവിന്ദ് കെജ്രിവാൾ മദ്യവ്യവസായിയുമായി ഫോണിലൂടെ ചർച്ച നടത്തിയെന്നാണ് ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുടെ ഫോണിലൂടെയാണ് വീഡിയോ കോൾ വഴി ചർച്ച നടത്തിയതെന്നും അഴിമതിയുടെ മുഖ്യ സൂത്രധാരൻ വിജയ് നായരാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

മദ്യനയ കേസിൽ ആരോപണ വിധേയനായ ഇൻഡോ സ്പിരിറ്റ് എംഡി സമീർ മഹേന്ദ്രുവുമായി കെജ്രിവാൾ വീഡിയോ കോളിലൂടെ ചർച്ച നടത്തിയെന്നും കുറ്റപത്രത്തിൽ വിശദമാക്കുന്നുണ്ട്. വിജയ് നായരുടെ ഫോണിലെ ഫേസ്‌ടൈം ആപ്പിലൂടെയാണ് വിഡിയോ കോൾ നടത്തിയത്. തന്റെ സ്വന്തം ആളാണ് വിജയ് നായരെന്നും ധൈര്യമായി മുന്നോട്ട് പോകാനും വ്യവസായിയോട് കെജ്രിവാൾ പറഞ്ഞെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

വിജയ് നായർ ആംആദ്മി പാർട്ടി നേതാക്കൾക്ക് വേണ്ടി നൂറുകോടി രൂപ സൗത്ത് ഗ്രൂപ്പിൽ നിന്നും കൈപ്പറ്റി. പാർട്ടി ഈ പണം ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നും ഇഡി ആരോപണം ഉന്നയിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് എൻഫോഴ്‌സ്‌മെന്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.