അദാനി വിഷയം: സുപ്രീംകോടതിയോ പാര്‍ലമെന്ററി സമിതിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പ്രതിസന്ധി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണമോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്. ‘അന്വേഷണത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് ലഭ്യമാക്കണം. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് വിഷയത്തില്‍ ജെ.പി.സിയുടെയോ അല്ലെങ്കില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലോ ഉള്ള സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നത്’- രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ കക്ഷിനേതാക്കള്‍ നേരത്തെ പാര്‍ലമെന്റില്‍ യോഗം ചേരുകയും അദാനിവിഷയം പാര്‍ലമെന്റിന്റെ ഇരുസഭയിലും ഉന്നയിക്കാന്‍ തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സഭാധ്യക്ഷന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷം ഇരുസഭയിലും ബഹളംവെച്ചതിനെ തുടര്‍ന്ന് രണ്ടുമണിവരെ ഇരുസഭകളും നിര്‍ത്തിവെക്കുകയായിരുന്നു.

സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്ന പൊതുമേഖലാ ബാങ്കുകളും സ്ഥാപനങ്ങളും അദാനിക്ക് പണം നല്‍കിയിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പരിഭ്രാന്തിയിലാണെന്ന് സമാജ് വാദി പാര്‍ട്ടി എം.പി രാം ഗോപാല്‍ യാദവ് പറഞ്ഞു. നിര്‍ബന്ധ നിക്ഷേപം നടത്തിച്ചതുമൂലം എല്‍.ഐ.സി എസ്.ബി.ഐ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈയടുത്ത ദിവസങ്ങളില്‍ വലിയ നഷ്ടം വരികയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ സമ്പാദ്യം അപകടത്തിലാവുകയും ചെയ്‌തെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷും ചൂണ്ടിക്കാട്ടി.