പേയ്‌മെന്റ് ഫീച്ചറുമായി ട്വിറ്റര്‍

പേയ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റര്‍. ഇതിന്റെ ഭാഗമായുളള റെഗുലേറ്ററി ലൈസന്‍സുകള്‍ക്ക് ട്വിറ്റര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പേയ്‌മെന്റ് ഫീച്ചറിന്റെ വികസനം ട്വിറ്ററിലെ പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടറായ എസ്തര്‍ ക്രോബോര്‍ഡാണ് നയിക്കുക. അതേസമയം, പേയ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ ട്വിറ്റര്‍ നടത്തിയിട്ടില്ല.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, പിയര്‍-ടു-പിയര്‍ പേയ്‌മെന്റുകള്‍, ഇ- കൊമേഴ്‌സ് ഷോപ്പിംഗ് എന്നിവ ഒറ്റ കുടക്കീഴില്‍ ഉള്‍ക്കൊള്ളിക്കുന്ന ‘ദി എവരിതിംഗ് ആപ്പ്’ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഇലോണ്‍ മസ്‌ക് ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പേയ്‌മെന്റ് ഫീച്ചര്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നീക്കം.

ട്വിറ്ററിന്റെ സാമ്ബത്തിക നില ഉയര്‍ത്തുന്നതിനായി നിരവധി മാറ്റങ്ങള്‍ ഇതിനോടകം തന്നെ ഇലോണ്‍ മസ്‌ക് നടപ്പാക്കിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്. സബ്‌സ്‌ക്രിപ്ഷന്‍ മുഖാന്തരമാണ് അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക് നല്‍കുന്നത്.