മുംബൈ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് മഹാരാഷ്ട്ര ഗവർണറായേക്കാൻ സാധ്യത. നിലവിൽ സംസ്ഥാന ഗവർണറായ ഭഗത് സിങ് കോഷിയാരി സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമരീന്ദർ സിംഗിന്റെ പേര് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.
ഉത്തരവാദിത്തങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഭഗത് സിങ് കോഷിയാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു. രാജ്ഭവൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗവർണർ പക്ഷപാതത്തോടെ പെരുമാറുന്നതായുള്ള പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് ഗവർണർ സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. പ്രധാനമന്ത്രി മുംബൈയിൽ സന്ദർശനം നടത്തിയപ്പോഴാണ് സ്ഥാനമൊഴിയാനുള്ള താൽപര്യം ഗവർണർ അദ്ദേഹത്തെ അറിയിച്ചത്.
സാമൂഹിക പരിഷ്കർത്താക്കളുടെയും പോരാളികളുടെയും നാടായ മഹാരാഷ്ടരയിൽ ഒരു സേവകനായി പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയാണ്. എഴുതാനും വായനയ്ക്കുമായി ഇനിയുള്ള ജീവിതം മാറ്റി വയ്ക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നുണ്ട്. അതേസമയം, മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോഷിയാരി ഗവർണർ സ്ഥാനം ഒഴിയാനൊരുങ്ങുന്നത്.

