ന്യൂഡൽഹി: ടൈം മാനേജ്മെന്റ് അമ്മമാരിൽ നിന്ന് പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേ ചർച്ചയിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 102 വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുത്തത്. ഡൽഹിയിലെ തൽക്കോത്തറ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നിങ്ങളുടെ അമ്മയുടെ ടൈം മാനേജ്‌മെന്റ് കഴിവുകൾ നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു. പരീക്ഷാ സമയത്ത് നിങ്ങളുടെ പഠനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്ക് അറിയാനാകും. അമ്മമാരിൽനിന്ന് മൈക്രോ മാനേജ്‌മെന്റും പഠിക്കണം, അവർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.
ചില വിദ്യാർഥികൾ അവരുടെ സർഗാത്മകത കോപ്പിയടിക്ക് ഉപയോഗിക്കുന്നു. കാണികളുടെ സമ്മർദത്തിന് വഴങ്ങാതെ പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബാറ്റ്സ്മാനെപ്പോലെ, ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പരീക്ഷ എഴുതണം. അപ്പോഴാണ് പ്രതീക്ഷകൾ ശക്തിയായി മാറുന്നത്. ചില വിദ്യാർത്ഥികൾ അവരുടെ സർഗാത്മകത പരീക്ഷകളിൽ കോപ്പിയടിക്കായി ഉപയോഗിക്കുന്നു, എന്നാൽ ആ വിദ്യാർത്ഥികൾ അവരുടെ സമയവും സർഗാത്മകതയും നല്ലരീതിയിൽ ഉപയോഗിച്ചാൽ അവർ വിജയത്തിന്റെ ഉയരങ്ങൾ കീഴടക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

