സിന്ധു നദീജല ഉടമ്ബടിയിലെ ഭേദഗതി: പാകിസ്ഥാന് നോട്ടീസയച്ച് ഇന്ത്യ

ഡല്‍ഹി: 1960ലെ സിന്ധു നദീജല ഉടമ്ബടിയില്‍ ഭേദഗതി ആവശ്യപ്പെട്ട് ജനുവരി 25ന് സിന്ധു നദീജല കമ്മീഷണര്‍മാര്‍ വഴി പാകിസ്ഥാന് നോട്ടീസയച്ച് ഇന്ത്യ. 90 ദിവസത്തിനുള്ളില്‍ ഉടമ്ബടിയില്‍ ഭേദഗതി ചെയ്യാന്‍ പാകിസ്ഥാന്‍ ഇന്ത്യ നടത്തുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനാണ് ഈ നോട്ടീസ്. 62 വര്‍ഷമായി നിലനില്‍ക്കുന്ന ഉടമ്ബടിയില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരനാണ് ഇന്ത്യ പരിഷ്‌കരണ നടപടിക്രമങ്ങള്‍ മുന്നോട്ട് വച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കിഷെന്‍ഗംഗ, റാലെ ഹൈഡ്രാ ഇലക്ട്രിക് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ നടത്തിയ പരിശ്രമങ്ങള്‍ പാകിസ്ഥാന്‍ നിരസിച്ചതോടെയാണ് ഇന്ത്യയുടെ നടപടി. ഇരു പദ്ധതികളുടെയും പ്രശ്‌നം ഒരു നിഷ്പക്ഷ ഏജന്‍സി പരിശോധിക്കട്ടെയെന്ന് പാകിസ്ഥാന്‍ 2015ല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അടുത്ത വര്‍ഷം തന്നെ പാകിസ്ഥാന്‍ ഏകപക്ഷീയമായി ഈ ആവശ്യം പിന്‍വലിക്കുകയായിരുന്നു.

അതേസമയം, ഒമ്ബത് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 1960 സെപ്തംബറില്‍ സിന്ധു നദീജല കരാര്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ചത്. ഇരുരാജ്യങ്ങളിലുടെ കടന്നുപോകുന്ന വിവിധ നദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടാണതാണ് കരാര്‍. ലോകബാങ്ക് ആയിരുന്നു ഉടമ്ബടിയില്‍ മദ്ധ്യസ്ഥനായി ഒപ്പുവച്ചിരുന്നത്. ബിയാസ്, രവി, സത്ലജ് എന്നീ മൂന്ന് കിഴക്കന്‍ നദികളുടെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യക്കും മൂന്ന് പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. സിന്ധു നദീയുടെ 20ശതമാനം ഇന്ത്യയിലാണ് ബാക്കി 80ശതമാനവും പാകിസ്ഥാനിലുമാണ്. ഈ ഉടമ്ബടി പ്രകാരം പടിഞ്ഞാറന്‍ നദീജലങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദനം, നാവിഗേഷന്‍, മത്സ്യകൃഷിതുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതെ ജലം ഉപയോഗിക്കാം.