ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവാത്തത്; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം സമൂഹത്തില്‍ വിവേചനമുണ്ടാക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് ഓസ്‌ട്രേലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍.

‘ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ഓസ്‌ട്രേലിയയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. നിരോധിത തീവ്രവാദ സംഘടനകളായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) അംഗങ്ങളും ഓസ്‌ട്രേലിയയ്ക്ക് പുറത്തുള്ള മറ്റ് ഏജന്‍സികളും ഇവരെ സഹായിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണം. ഇന്ത്യ പോലെ തന്നെ ഓസ്‌ട്രേലിയയും വിവിധ സംസ്‌കാരങ്ങളെ ബഹുമാനിക്കുന്ന രാജ്യമാണ്. അക്രമത്തിനു ഞങ്ങള്‍ പിന്തുണ നല്‍കില്ല. ക്ഷേത്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. അന്വേഷണം പ്രഖ്യാപിക്കും’-ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, മെല്‍ബണിലുള്ള സ്വാമിനാരായണ ക്ഷേത്രം, കാരം ഡൗണ്‍സിലുള്ള ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെല്‍ബണിലെ തന്നെ ഇസ്‌കോണ്‍ കൃഷ്ണക്ഷേത്രം എന്നിവിടങ്ങളില്‍ ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയ സംഭവവും നേരത്തെ ഉണ്ടായിരുന്നു.