ന്യൂഡല്‍ഹി: രാജ്യത്ത് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചു. ഒന്നിച്ചു മുന്നേറാമെന്നും, സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാമെന്നും പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസിയാണ് റിപ്പബ്ലിക് ദിനത്തില്‍ ഈ വര്‍ഷത്തെ മുഖ്യാതിഥി. കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡ് പത്ത് മണിക്ക് ആരംഭിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുത്തു. കര്‍ത്തവ്യപഥിന്റെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഇത്തവണ പരേഡില്‍ അതിഥികളാവും. കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ഡല്‍ഹിയിലെ ചടങ്ങുകള്‍ ആരംഭിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. കര, നാവിക, വ്യോമ സേനകളും വിവിധ അര്‍ധസൈനിക വിഭാഗവും എന്‍എസ്എസ്, എന്‍സിസി വിഭാഗങ്ങളും കര്‍ത്തവ്യപഥിലൂടെയുള്ള പരേഡില്‍ അണിനിരന്നു. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘രാജ്പഥ്’ എന്നതു മാറ്റി ‘കര്‍ത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാജ്യത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടക്കുന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
അതേസമയം, കേരളത്തിലും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷമാണ് നടക്കുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ചു. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിച്ചു. പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാതലത്തില്‍ ആഘോഷപരിപാടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കി.

