ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്ര ഓയിൽ മാർക്കറ്റിംഗ് ( ഒ എം സി ) കമ്പനികളുമായി ഹർദീപ് സിംഗ് പുരി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.
റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് കുത്തനെ ഉയർന്ന ഊർജ്ജ വില ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ ഉത്തരവാദിത്തമുള്ള കോർപ്പറേഷനുകളായി പ്രവർത്തിച്ചുവെന്ന് ഹർദീപ് സിംഗ് പുരി അറിയിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വിലകൾ ചെലവിന് അനുസൃതമായി പരിഷ്‌കരിച്ചിട്ടില്ല. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 102.97 ഡോളറായി വർദ്ധിച്ചിട്ടും ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ 2022 ഏപ്രിൽ 6 മുതൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. 2022 ഏപ്രിൽ മുതൽ സെപ്തംബർ വരെ 21,201.18 കോടി രൂപയുടെ അറ്റനഷ്ടമാണ് സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് എണ്ണക്കമ്പനികൾക്കും ഉണ്ടായിട്ടുള്ളത്.

