ഇസ്ലാമാബാദ്: പാകിസ്താനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. ഇസ്ലാമാബാദ്, കറാച്ചി, പെഷാവർ, ലാഹോർ നഗരങ്ങൾ മണിക്കൂറുകളായി ഇരുട്ടിലാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ പ്രതിസന്ധിക്ക് കാരണം വൈദ്യുതി ഗ്രിഡിലുണ്ടായ കുഴപ്പമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശദമാക്കുന്നത്. 12 മണിക്കൂറിന് ശേഷം മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയൂവെന്ന് ഊർജ്ജ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എന്നാൽ, വൻ സാമ്പത്തിക ബാധ്യതയിൽപ്പെട്ട പാകിസ്താൻ ഊർജ്ജ മേഖലയിൽ വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പാകിസ്താന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഡീസൽ, കൽക്കരി നിലയങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോൾ പാകിസ്താന് ലഭിക്കുന്നില്ല. ആവശ്യമായതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ. സാമ്പത്തിക സ്ഥിതി പരുങ്ങലിലായതോടെ ഇറക്കുമതി നടക്കുന്നുമില്ല. കരുതൽ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണെന്നാണ് ലഭ്യമാകുന്ന വിവരം.
പാകിസ്താനിലെ ഇൻറർനെറ്റ് സേവനങ്ങളും പല സ്ഥലങ്ങളിലും തടസപ്പെട്ടിരിക്കുകയാണ്. വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്റോറൻറുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്നാണ് പ്രാദേശിക തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശം.

