ആര്യവേപ്പിന്‍റെ ഔഷധ ഗുണങ്ങള്‍….

അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളിൽ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. മികച്ച ഔഷധം കൂടിയാണ് ആര്യവേപ്പ്.

വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂൺ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധ ശേഷി കൂടും. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്. വേപ്പിലനീര് വെറും വയറ്റിൽ കഴിച്ചാൽ വ്രണങ്ങൾ, ത്വക്ക് രോഗങ്ങൾ ഇവയ്ക്കു ശമനമുണ്ടാകും. പഴുതാര, തേൾ, എട്ടുകാലി തുടങ്ങിയ ക്ഷുദ്ര ജീവികൾ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്. വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലു തേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിന് നല്ലതാണ്.

മുറിവുകളും വ്രണങ്ങളും കരിയാൻ ആര്യവേപ്പില വെന്ത വെള്ളം കൊണ്ടു കഴുകിയാൽ മതി. ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളിൽ വേപ്പില അരച്ചിടുക. പൊള്ളൽ ഉണങ്ങും.വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിക്കുക.ഇതുകൊണ്ടു തല കഴുകിയാൽ മുടികൊഴിച്ചിൽ, താരൻ, പേൻ ഇവ ഇല്ലാതാകും.

വെറും വയറ്റിൽ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയവ മാറ്റാൻ സഹായിക്കുന്നു. ശ്വസനസംബന്ധമായ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു ഒറ്റമൂലി കൂടിയാണിത്. സന്ധിവേദനയും പ്രായം കൂടുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന കാഠിന്യവും വേദനയും ഒഴിവാക്കാൻ പ്രായമായ രോഗികൾക്ക് വേപ്പ് ഇലകളും വേപ്പ് എണ്ണയും വിദഗ്ദ്ധർ നിർദ്ദേശിക്കാറുണ്ട്. വേപ്പ് എണ്ണ ഉപയോഗിച്ച് ചർമ്മത്തിൽ പതിവായി മസാജ് ചെയ്യുന്നത് അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.