തിരുവനന്തപുരം: തര്‍ക്കങ്ങള്‍ പാര്‍ട്ടിയുടെ അതത് തലങ്ങളില്‍ തീര്‍ക്കണമെന്ന് കെപിസിസി സര്‍ക്കുലര്‍. പരാതി പരിഹാരത്തിനായി പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം കെപിസിസി പ്രസിഡന്റിനെ നേരിട്ട് സമീപിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടന ആരംഭിച്ച പശ്ചാത്തലത്തില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മുന്നില്‍ കണ്ടാണ് കെപിസിസി അധ്യക്ഷന്റെ പുതിയ നിര്‍ദേശം.
എല്ലാ ജില്ലയില്‍ നിന്നുമുള്ള പരാതി കേള്‍ക്കലും തീര്‍പ്പുണ്ടാക്കലും കെപിസിസി പ്രസിഡന്റിന്റെ പ്രധാന പണിയായി മാറിയതോടെയാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇനി മുതല്‍ ഡിസിസി പ്രസിഡന്റുമാരുടെ അനുമതിയോടെ ഡിസിസി തലത്തിലുള്ള പ്രശ്‌നങ്ങള്‍ക്കേ കെപിസിസി അധ്യക്ഷനെ സമീപിക്കാനാവു. ബൂത്ത് കമ്മിറ്റിയിലെ തര്‍ക്കവിഷയങ്ങള്‍ മണ്ഡലം പ്രസിഡന്റും മണ്ഡലം കമ്മിറ്റിയില്‍ വരുന്ന പരാതികള്‍ ബ്ലോക്ക് തലത്തിലും പരിഹരിക്കണം. ബ്ലോക്ക് കമ്മിറ്റിയിലെ പ്രശ്‌നങ്ങള്‍ ജില്ലയുടെ ചാര്‍ജ് ഉള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഡിസിസി അധ്യക്ഷന്‍ തീര്‍പ്പാക്കണം.
പാര്‍ട്ടിയിലെ അച്ചടക്കം സംഘടനയുടെ കെട്ടുറപ്പിന് അത്യാവശ്യമാണെന്നും കീഴ്ഘടകള്‍ ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷത പുലര്‍ത്തണമെന്നും പാര്‍ട്ടി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

