കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതി; മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോൾ സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ ഏതൊരാളുടെ മേലിലും കുതിര കയറാമെന്ന പോലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്. അല്ലാതെ നിരപരാധികളുടെ മേൽ അക്രമം കാണിക്കാനല്ല. പോപ്പുലർ ഫ്രണ്ടും മുസ്ലിംലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പോലീസിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

പോപ്പുലർ ഫ്രണ്ടുകാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലിം ലീഗിന്റെയും, പോപ്പുലർ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവർത്തകർക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി സർക്കാറിന്റെ നയം തന്നെയാണോ എന്നത് സർക്കാർ വ്യക്തമാക്കണം. എന്ത് തലതിരിഞ്ഞ നയമാണിതെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസിന്റെ അനീതിയിൽ അധിഷ്ടിഷ്ഠിതമായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളുടെ പേരിൽ നിരപരാധികളെ കുടുക്കാനുള്ള ശ്രമം അപകടകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പിഎംഎ സലാം അറിയിച്ചു. മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധമില്ലാത്തവരും ദീർഘകാലം നാട്ടിൽ ഇല്ലാത്ത പ്രവാസികളും ജപ്തി നടപടി നേരിടുകയാണ്. ഇത് തെറ്റിപ്പോയതാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. നിരോധിത സംഘടനയുമായി കേരള സർക്കാരിനുള്ള ബന്ധമാണ് ഇവിടെ വ്യക്തമാകുന്നത്. നീചവും വ്യക്തവുമായ ഈ അനീതിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

എവിടുന്നാണ് ഇവർക്ക് ലിസ്റ്റ് കിട്ടിയതെന്നും ആരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും വെളിപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. നിയമസഭയിൽ മുസ്ലിംലീഗ് ഇക്കാര്യം അവതരിപ്പിക്കും. കള്ളക്കേസിൽ കുടുക്കി മുസ്ലിംലീഗ് പ്രവർത്തകരെ വേട്ടയാടാൻ തീരുമാനിച്ചാൽ നോക്കി നിൽക്കില്ല. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ കള്ളക്കളിക്കെതിരെ പ്രതികരിക്കണം. അപരാധികൾ ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്റെ പേരിൽ ഗൂഢാലോചന നടത്തി നിരപരാധികളെ കുടുക്കാനുള്ള ശ്രമം അപകടകരമാണെന്നും അദ്ദേഹം വിമർശിച്ചു.