ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഭാഗമാകാൻ കേരളം. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിന്റെ ഫ്‌ളോട്ട് നാരീശക്തിയും ഇത്തവണ ഉണ്ടാകും. നാടൻ കലാ പാരമ്പര്യം പിന്തുടരുന്നതാണ് ഫ്‌ളോട്ടിന്റെ പ്രമേയം. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 24 സ്ത്രീകളാണ് ഫ്‌ളോട്ടിന്റെ ഭാഗമാകുക. കളരിപ്പയറ്റും, ശിങ്കാരിമേളവും, ഗോത്രനൃത്തവുമെല്ലാം ഫ്‌ളോട്ടിന്റെ ഭാഗമായി അണിനരക്കും.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പാലക്കാട് അട്ടപ്പാടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗോത്രകലാമാണ്ഡലത്തിൽ നിന്നുള്ള എട്ട് കലാകാരികൾ കേരളത്തിന്റെ ടാബ്ലോയിൽ പങ്കാളികളാകും. ശോഭ ബി, ശകുന്തള, യു കെ റാണി ബി, പുഷ്പ, കെ സരോജിനി, രേഖ എൽ, വിജയ, ഗൗരി എൽ എന്നിവരാണ് ഗോത്രനൃത്തം അവതരിപ്പിക്കുന്നത്. അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുള്ളവരാണിത്.
ഡൽഹി നിത്യചൈതന്യ കളരിയിലെ ബി എൻ ശുഭയും മകൾ എം എസ് ദിവ്യശ്രീയുമാണ് ആയോധനകലയായ കളരിപ്പയറ്റ് അവതരിപ്പിക്കുന്നത്. വീട്ടമ്മമാരായ പന്ത്രണ്ടോളം കുടുംബശ്രീ വനിതകൾ അണിനിരക്കുന്ന ശിങ്കാരിമേളമാണ് മറ്റൊരു ആകർഷണം. കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സപ്തവർണ വനിതാശിങ്കാരിമേള സംഘമാണ് ഇത് അവതരിപ്പിക്കുക. സിന്ധു ബാലകൃഷ്ണൻ, ജോഷിന അശോകൻ, രമിത രതീഷ്, ശൈലജ രാജൻ, ബാലജ പ്രമോദ്, രജനി സോമൻ, ലസിത വരദൻ, സജിത അരവിന്ദ്, വിജിന രാജീവൻ, വനജ ബാലൻ, ലീല ചന്ദ്രൻ, ഓമന പ്രദീപൻ തുടങ്ങിയവരാണ് ശിങ്കാരിമേള സംഘത്തിലുള്ളത്.

