വെജിറ്റേറിയന്‍ എല്ലാവര്‍ക്കും കഴിക്കാം, നോണ്‍ വെജ് അങ്ങനെയല്ല; വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമെന്ന ആശയത്തോട് പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ സ്പീക്കര്‍ എ.എന്‍ ഷംസീറും തന്റെ നിലപാട് അറിയിച്ചു രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷംസീറിന്റെ പ്രതികരണം.

സ്പീക്കര്‍ പറഞ്ഞത്

കലോത്സവവേദികളിലെ നോണ്‍വെജ് ഭക്ഷണത്തെ കുറിച്ച്

‘കലോത്സവ വേദികളില്‍ മാംസാഹാരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാം. കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണ്. എനിക്ക് നോണ്‍ വെജ് ഭക്ഷണത്തോടാണ് പ്രിയം. പക്ഷേ എല്ലാവര്‍ക്കും കഴിക്കാന്‍ പറ്റുന്ന ഭക്ഷണമെന്ന നിലയില്‍ യുവജനോത്സവം പോലെയുള്ള ഒത്തുചേരലുകളില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്ലത്. ചിക്കന്‍ ബിരിയാണി കഴിച്ചിട്ട് ഒരു കുട്ടിക്ക് എങ്ങനെയാണ് സ്റ്റേജില്‍ നൃത്തം ചെയ്യാനാകുക. വെജിറ്റേറിയന്‍ എല്ലാവര്‍ക്കും കഴിക്കാം എന്നാല്‍ നോണ്‍ വെജ് അങ്ങനെയല്ല. നോണ്‍ വെജ് കഴിച്ചേ മതിയാകൂ എന്നുള്ളവര്‍ക്ക് പുറത്തുനിന്ന് വാങ്ങി കഴിക്കാം.’

ചുംബന സമരത്തെ കുറിച്ച്

‘ചുംബനം എങ്ങിനെയാണ് ഒരു പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്? പരസ്യമായി തെരുവുകളില്‍ ചെയ്യേണ്ട കാര്യമല്ല ചുംബനം. അതുകൊണ്ട് തന്നെ അത്തരം അരാജക പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. ആരെങ്കിലും തന്റെ ഭാര്യയെ ചുംബന സമരം പോലുള്ള പ്രതിഷേധങ്ങള്‍ക്ക് അയയ്ക്കുമോ. ഞാന്‍ ഏതായാലും അത്ര പുരോഗമന വാദിയല്ല. ‘നമുക്ക് ചില അടിസ്ഥാനപരമായ സാംസ്‌കാരിക മൂല്യമുണ്ട്.’

സമുദായത്തിന് വിശ്വസിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും അതുകൊണ്ടാണ് പാര്‍ട്ടിയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതെന്നും ഷംസീര്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.