രാജ്യത്ത് സെൻസർഷിപ്പ് നടപ്പിലാക്കിത്തുടങ്ങി; ഡോക്യുമെന്ററി വിലക്കിൽ വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ജയ്‌റാം രമേശിന്റെ പ്രതികരണം. രാജ്യത്ത് സെൻസർഷിപ്പ് നടപ്പിലാക്കിത്തുടങ്ങിയെന്ന് അദ്ദേഹം വിമർശിച്ചു. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ പ്രസംഗ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വീഡിയോ അപകീർത്തിപരമാണെങ്കിൽ എന്തുകൊണ്ടാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് രാജധർമത്തെക്കുറിച്ച് (ഭരണ കർത്തവ്യം) ഓർമ്മിപ്പിച്ചതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും ബിബിസിയുടെ പുതിയ ഡോക്യുമെന്ററി അപകീർത്തിപരമെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ്, 2002ൽ പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയ് പുറത്തുപോകാൻ ശ്രമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അദ്വാനി രാജിഭീഷണി മുഴക്കിയപ്പോൾ സമ്മർദ്ദം ചെലുത്താതിരുന്നത് എന്തുകൊണ്ടാണെന്നും രാജധർമയെക്കുറിച്ച് വാജ്‌പേയി അദ്ദേഹത്തെ ഓർമ്മിപ്പിച്ചത് എന്തുകൊണ്ടാണെന്നും ജയ്‌റാം രമേശ് ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഡോക്യുമെന്ററിയുടെ ലിങ്കുകൾ ഇന്ത്യയിൽ പങ്കുവയ്ക്കുന്നതിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിരുന്നു.