എൻറോൾഡ് ഏജന്റ് തൊഴിൽ പരിശീലന കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ‘ഹയർ ആന്റ് ട്രെയിൻ’ മാതൃകയിൽ ഉടൻ ആരംഭിക്കുന്ന ‘എൻറോൾഡ് ഏജന്റ്’ എന്ന തൊഴിൽ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, ബി.ബി.എ, എം.ബി.എ ബിരുദധാരികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. യു.എസ് ടാക്‌സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്‌സാണിത്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന യു.എസ് ഫെഡറൽ ഏജൻസിയായ ഐ.ആർ.എസിന് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാനുള്ള പദവിയുള്ള ഒരു പ്രൊഫഷണലാണ് എൻറോൾഡ് ഏജന്റ് (ഇ.എ). നാലുമാസത്തോളമുള്ള പരിശീലന പദ്ധതിയിലൂടെ വിദ്യാർത്ഥികളെ അമേരിക്കൻ ഇന്റേണൽ റവന്യൂ സർവ്വീസ് നടത്തുന്ന സ്പെഷ്യൽ എൻറോൾമെന്റ് പരീക്ഷ എഴുതാൻ പ്രാപ്തരാക്കും.

കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടുന്ന വിദ്യാർത്ഥികൾ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരാകും. പ്രാഥമിക പരീക്ഷയിലൂടെയാവും കോഴ്‌സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സിന്റെ തുടക്കത്തിൽ തന്നെ ജോലിക്കായുള്ള കണ്ടീഷണൽ ഓഫർ ലെറ്ററും നൽകും. തൊഴിലിലേക്ക് തിരഞ്ഞെടുത്ത ശേഷം, അതിനനുസൃതമായ പരിശീലനവും, തുടർന്ന് ജോലിയും നൽകുന്ന ‘ഹയർ ആൻഡ് ട്രെയിൻ’ എന്ന മാതൃകയിലാണ് കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. കാനറാ ബാങ്കിന്റെ സ്‌കിൽ ലോൺ സൗകര്യം കോഴ്‌സ് ഫീസിന് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുമായി ബന്ധപ്പെടണം. ഫോൺ : 6238093350. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27.