മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ല; ഡിജെ പാർട്ടികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗര പരിധിയിൽ ഡിജെ പാർട്ടികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് കേരളാ പോലീസ്. ഡിജെ പാർട്ടി സ്‌പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ സൂക്ഷിക്കണമെന്നും ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നും നിർദ്ദേശമുണ്ട്.

ഡിജെ പാർട്ടി നടക്കുന്ന ഇടങ്ങളിൽ പാർക്കിംഗ് സ്ഥലത്ത് ഉൾപ്പെടെ സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കണം. ഡിജെ പാർട്ടികളിൽ മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ല. മദ്യം, ആഹാരം എന്നിവ വിളമ്പുന്നത് നിഷ്‌കർഷിച്ച സമയത്ത് മാത്രമാക്കണം. തുറസായ സ്ഥലങ്ങളിൽ മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതി തേടേണ്ടതാണ്. ശബ്ദ പരിധി ലംഘിക്കാതിരിക്കാൻ ഡെസിബൽ മീറ്റർ സൂക്ഷിക്കണമെന്നും പോലീസ് മാർഗനിർദ്ദേശത്തിൽ വിശദമാക്കുന്നു.