തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തെ ചൊല്ലിയുണ്ടായ വിവാദം കനക്കുന്നു. വിഷയത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ജി സുധാകരൻ രംഗത്തെത്തി. കെ സി വേണുഗോപാൽ ഉൾപ്പടെയുള്ളവരെ ചടങ്ങിൽ നിന്നും ഒഴിവാക്കേണ്ടതില്ലായിരുന്ന് അദ്ദേഹം പറഞ്ഞു.
വഴിയരികിലെ ഫ്‌ളക്‌സുകളിലല്ല മറിച്ച് ജനഹൃദയങ്ങളിലെ ഫ്‌ളക്‌സുകളിലാണ് നേതാക്കൾ ഉണ്ടാകേണ്ടതെന്നും ജി സുധാകരൻ അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശുപത്രിയുടെ വികസനത്തിനായി മുൻനിരയിൽ ഉണ്ടായിരുന്ന മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, അന്നത്തെ ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ എന്നിവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
60-മത് വർഷത്തിലേക്ക് നീങ്ങുന്ന അമ്പലപ്പുഴ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കൽ കോളേജിൻറെ ചരിത്രത്തിലെ ആവശ്യാധിഷ്ഠിത വികസനത്തിൻറെ ഒരു സുവർണ്ണ അദ്ധ്യായം നാളെ ജനുവരി 21 ന് ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയൻ തുറക്കുകയാണ്. പ്രധാന മന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷായോജനാപദ്ധതി പ്രകാരം സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക പങ്കാളിത്തത്തോടുകൂടി 173.18 കോടി രൂപ അടങ്കലിൽ നിർമിച്ച മനോഹരമായ പടുകൂറ്റൻ 6 നില മന്ദിരമാണ് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
9 സൂപ്പർ സ്‌പെഷ്യാലിറ്റി വകുപ്പുകളാണ് ഇതിൽ സംവിധാനം ചെയ്യുന്നത്. കാർഡിയോളജി, കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, യൂറോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി, എൻറോ ക്രൈനോളജി എന്നിവയാണവ.
1963 ൽ കേരളത്തിൽ സ്ഥാപിച്ച ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായിരുന്നു. ഇത് 1973 ൽ സർക്കാർ ഏറ്റെടുത്തു, കേരളത്തിലെ 4ആമത്തെ മെഡിക്കൽ കോളേജ്. ദേശീയപാതയോട് ചേർന്ന് 150 ഏക്കറിലായി തലയുയർത്തി മദ്ധ്യ തിരുവിതാംകൂറിന് മൊത്തം ആശ്രയമായി നിൽക്കുന്നു.
ഉദ്ഘാടനം സംബന്ധിച്ച് ചില വിവാദങ്ങൾ മാധ്യമങ്ങൾ ഉയർത്തുന്നു. ചരിത്ര സത്യങ്ങൾ പ്രകാശിക്കുമ്പോൾ വിവാദങ്ങൾ എന്തിന് ? 2012 ൽ ഈ മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ പരിഹരിക്കുന്നതിനായി ഒരു ഗ്യാപ്പ് അനാലിസിസ് അയക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു. സ്വാഭാവികമായും അന്നത്തെ എം.പി ശ്രീ കെ.സി വേണുഗോപാലിന്റെ ശുപാർശ കത്തും ഒപ്പം ഉണ്ടായിരുന്നു. 2 വർഷത്തിന് ശേഷം 2014 ൽ ഡൽഹിയിൽ ആരോഗ്യ സെക്രട്ടറി വിളിച്ചുകൂട്ടിയ ചർച്ചയിൽ ഈ റിപ്പോർട്ട് പരിഗണിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ജോയിൻറ് സെക്രട്ടറി, സംസ്ഥാന ആരോഗ്യ സെക്രട്ടറി ഇളങ്കോവൻ ഐ.എ.എസ്, ഇപ്പോഴത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും അന്നത്തെ നോഡൽ ഓഫീസറും ആയിരുന്ന ഡോ. ടി.കെ.സുമ എന്നിവർ പങ്കെടുത്തു.
അവിടെ 200 ബെഡുകളും 50 ഐ.സി.യു ബഡുകളും 8 ഓപ്പറേഷൻ തീയറ്ററുകളും 9 സൂപ്പർ സപെഷ്യാലിറ്റി ഡിപ്പാർട്ട്‌മെൻറുകളും നിർമിക്കാനുള്ള പ്രോജക്ട് അംഗീകരിച്ചു. ആദ്യം 5 നിലയും പിന്നീട് 6 നിലയും നിർമ്മിക്കാൻ തീരുമാനിച്ചു. 120 കോടി രൂപ കേന്ദ്രവും 30 കോടി സംസ്ഥാനവും വിഹിതമായി നൽകണം. കൂടാതെ ഉപകരണങ്ങൾ വാങ്ങാനുള്ള പണം സംസ്ഥാനം നൽകണം. ഇപ്പോൾ നിർമ്മാണം പൂർത്തിയാകുമ്പോൾ കേന്ദ്രം 120 കോടിയും ഉപകരണങ്ങൾ അടക്കം സംസ്ഥാനം 53.18 കോടിയും അടക്കം മൊത്തം 173.18 കോടി രൂപ ചിലവഴിച്ചു.
2015 ഡിസംബർ 19 ന് നിർമ്മാണം ടെണ്ടർ ചെയ്തു. 2016 ജൂണിൽ നിർമ്മാണത്തിനുള്ള കരാർ നൽകി. എന്നാൽ 2016 ഫെബ്രുവരി 20 ന് തന്നെ ശിലാസ്ഥാപനം നടത്തി. നടത്തിയത് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ നദ്ദയായിരുന്നു (ഇപ്പോൾ ബി ജെ പി പ്രസിഡന്റ്). ആദ്യ ഘട്ടത്തിൽ കേന്ദ്രത്തിൽ യു.പി.എ സർക്കാരും സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരും ആയിരുന്നു. 2014 മുതൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരാണ് . 2016 മെയ് മുതൽ കേരളത്തിൽ എൽ.ഡി.എഫ് സർക്കാരുമാണ്. നിർമാണ സമയത്തു ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ആയിരുന്നു. വർക്ക് അവാർഡ് ചെയ്തതും പണം നൽകിയതും പണി പൂർത്തിയാക്കിയതും എൽ.ഡി.എഫ് സർക്കാരാണ്. കോവിഡ് വ്യാപനം മൂലം 2 വർഷത്തോളം പ്രവൃത്തി പുരോഗമിക്കുന്നതിന് തടസ്സമുണ്ടായി.
എല്ലാ സർക്കാരുകളുടെയും കാലത്ത് ഞാൻ ഇവിടുത്തെ എം.എൽ.എയും, പ്രവൃത്തി ആരംഭിച്ച കാലത്ത് പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. ആദ്യ ഘട്ടങ്ങളിൽ ശ്രീ കെ.സി.വേണുഗോപാൽ എം.എൽ.എയും പിന്നെ എം.പിയും ആയിരുന്നു. 2019 മുതൽ സ: എ.എം.ആരിഫ് ആണ് എം.പി. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ സ: എച്ച്.സലാം ആണ് എം.എൽ.എ.
കരാർ ഒപ്പിട്ടതും പണം അനുവദിച്ചതും പണി ധൃതഗതിയിൽ നടത്തിയതും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻറെ കാലത്താണ്.
ആരോഗ്യ മന്ത്രി സ: ഷൈലജ യോടൊപ്പം ഞാൻ മുന്നിൽ ഉണ്ടായിരുന്നെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിലെ ഇപ്പോൾ തുറക്കുന്ന സമുച്ചയത്തിന്റെ നിർമ്മാണ വികസന പ്രവർത്തനങ്ങളിൽ മന്ത്രി ഷൈലജ നല്ല താല്പര്യം കാണിച്ചത് പോലെ തന്നെ പറയേണ്ടതാണ് 2007 ജനുവരി 1 ന് ആലപ്പുഴ ടൗണിൽ ശ്വാസം മുട്ടി കിടന്ന ആലപ്പുഴ മെഡിക്കൽ കോളേജിനെ ഇപ്പോളുള്ള വണ്ടാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. അന്നത്തെ ആരോഗ്യമന്ത്രി സ: ശ്രീമതി ടീച്ചറും, ബഹു: മുഖ്യമന്ത്രി സ: വി.എസ്സും, മന്ത്രിയും എം.എൽ.എയുമായ എന്നോടൊപ്പം ഈ ഉദ്യമത്തിൽ പാറപോലെ ഉറച്ചുനിന്നിരുന്നു എന്ന ചരിത്ര സത്യം ഇവിടെ രേഖപ്പെടുത്താതെ വയ്യ. അതിന് മുമ്പ് എത്രയോ സമരങ്ങൾ മെഡിക്കൽ കോളേജ് വണ്ടാനത്തേക്ക് മാറ്റാനായി നടന്നുവെന്നതും ഓർത്തുപോകുന്നു. പാർട്ടി ഭാരവാഹി എന്ന നിലയിൽ അതിലെല്ലാം ഞാനുമുണ്ടായിരുന്നു.
ഇതിനായി പ്രവർത്തിച്ച ചിലരെ പരിപാടിയിൽ നിന്നും ഒഴിവാക്കി (കെ.സി.വേണുഗോപാൽ) എന്ന് മാധ്യമങ്ങൾ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ഷൈലജ ടീച്ചറേയും ഉൾപ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നിൽ നിന്ന എന്നെ ഓർക്കാതിരുന്നതിൽ എനിക്ക് പരിഭവമില്ല. ജനോപകാരമായ, പൊതു സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിനുള്ള ചാരിതാർഥ്യമാണുള്ളത്. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടർച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം.
ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു, വഴിയരികിൽ വെക്കുന്ന ഫ്‌ലെക്‌സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്‌ലെക്‌സുകളാണ് പ്രധാനം.

