തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗുണ്ടകളും ക്രിമിനലുകളുമായി ബന്ധമുള്ള പോലീസിലെ പരൽ മീനുകൾക്കെതിരെ മാത്രമല്ല ഉന്നതരായ കൊമ്പൻ സാവ്രുകൾക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനമൈത്രി എന്ന ബോർഡ് മാറ്റി ഗുണ്ടാസൗഹൃദ സ്റ്റേഷനുകൾ എന്ന ബോർഡാണ് ഇപ്പോൾ സംസ്ഥാനത്തെ പോലീസ് ഓഫീസുകളിൽ സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ ക്രമസമാധാന സംവിധാനം സമൂലം ശുദ്ധീകരിക്കണം. ഗുണ്ടകൾ പോലീസ് തണലിൽ വിലസുമ്പോൾ കേരളത്തിലേത് എങ്ങനെ മികച്ച പൊലീസിംഗ് എന്ന അവകാശവാദം മുഖ്യമന്ത്രിക്ക് ഉന്നയിക്കാൻ കഴിയുമെന്നും സുധാകരൻ ചോദിച്ചു. കഴിഞ്ഞ ഏഴുവർഷത്തെ കമ്യൂണിസ്റ്റ് ഭരണം ആഭ്യന്തര വകുപ്പിനെ നാഥനില്ലാ കളരിയാക്കി മാറ്റി. രാഷ്ട്രീയ – പോലീസ് – ഗുണ്ടാബന്ധം ഭരണസിരാകേന്ദ്രമായി സെക്രട്ടേറിയറ്റ് വരെ എത്തി നിൽക്കുന്നുവെന്നും താമസിയാതെ ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. എസ് പിമാരുടെത് ഉൾപ്പെടെയുള്ള പോലീസിലെ നിയമനങ്ങൾ സിപിഎം ജില്ലാ സെക്രട്ടറിമാർക്കും പാർട്ടി ഘടകങ്ങൾക്കും മുഖ്യമന്ത്രി വിഭജിച്ച് നൽകി. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ചങ്ങലക്ക് ഭ്രാന്തെടുത്ത അവസ്ഥയിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും നിരന്തരം തന്റെ മൂക്കിന് കീഴിൽ നടക്കുമ്പോൾ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ആശ്വസിച്ചിരുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

