ന്യൂഡല്‍ഹി: സിപിഎം കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. യാത്രയുടെ തുടക്കത്തില്‍ പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിര്‍പ്പ്.
അതേസമയം, ഭാരത് ജോഡോ യാത്ര ഈ മാസം മുപ്പതിന് ജമ്മുകശ്മീരില്‍ സമാപിക്കുമ്പോള്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരത്തെ നല്‍കിയിരുന്നു. സിപിഐ, ഇടതുമുന്നണിയിലുള്ള എന്‍സിപി, കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് വ്യക്തമാാക്കിയിട്ടുണ്ട്. എന്നാല്‍, ക്ഷണം സ്വീകരിക്കണം എന്ന നിലപാടായിരുന്നു യെച്ചൂരിക്കെങ്കിലും കേരള ഘടകം ശക്തമായി എതിര്‍ത്തു. കേരളത്തില്‍ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ്, സിപിഎമ്മിനെതിരായ നീക്കമാക്കി. അതിനാല്‍ കോണ്‍ഗ്രസിന്റെ ക്ഷണം സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കള്‍ നിലപാടെടുത്തു.
എന്നാല്‍, ജമ്മുകശ്മീരിലെ നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ മൊഹമ്മദ് യൂസഫ് തരിഗാമി റാലിയില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

