തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡി വൈ എസ് പിമാർക്കെതിരെ നടപടി. ഗുണ്ടാബന്ധത്തിന്റെ പേരിലാണ് ഡി വൈ എസ് പിമാരെ സസ്പെൻഡ് ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ ജെ ജോൺസൺ, വിജിലൻസ് ഡി വൈ എസ് പി എം പ്രസാദ് തുടങ്ങിയവർക്കാണ് സസ്പെൻഷൻ ലഭിച്ചത്.
ഇവർ ഗുണ്ടകളുടെ സാമ്പത്തിക ഇടപാടിൽ ഇടനിലനിന്നുവെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഗുണ്ടാ- മാഫിയ ബന്ധമുള്ള നാല് ഇൻസ്പെക്ടർമാരെയും ഒരു സബ്- ഇൻസ്പെക്ടറെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായിട്ടുള്ളത്.
ഷാരോൺ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഡി വൈ എസ് പി കെ ജെ ജോൺസൺ. എം പ്രസാദ് വിജിലൻസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിന്റെ ഡിവൈഎസ്പിയാണ്. തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന പ്രശ്നപരിഹാര ചർച്ചയിൽ ജോൺസണും പ്രസാദും നേരത്തെ സസ്പെൻഷനിലായ റെയിൽവേ സി ഐ അഭിലാഷും പങ്കെടുത്തിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇവർ ഗുണ്ടാസംഘങ്ങളിൽ നിന്ന് സാമ്പത്തിക ലാഭം നേടിയതായും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

