ഒരു തിരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജമില്ല; രാജി പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍

ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14ന് ന്യൂസിലന്‍ഡില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മള്‍ പ്രവര്‍ത്തിക്കും അതിനു ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഇത്തരത്തില്‍ വിശേഷപ്പെട്ട ഒരു പദവി ഒരു ഉത്തരവാദിത്തമാണ്. രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും എപ്പോഴാണ് ഉചിതമല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്തം. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ ഇനി ഇത് നീതികരമായി നിര്‍വഹിക്കാനാകില്ലെന്നും. അതിനാലാണ് പദവി ഒഴിയുന്നത്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജമില്ല. രാജിയ്ക്കു പിന്നില്‍ യാതൊരു രഹസ്യവുമി്ല്ല’- സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബര്‍ പാര്‍ട്ടി അംഗങ്ങളുടെ മീറ്റിങ്ങില്‍ ജസിന്‍ഡ പറഞ്ഞു.

അതേസമയം, കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് പടിയിറക്കം. അടുത്ത മാസം 7ന് ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും ജസിന്‍ഡ അറിയിച്ചു. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസീന്ത ആര്‍ഡെന്‍ വ്യക്തമാക്കി. 2017-ല്‍ തന്റെ 37-ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിന്‍ഡ. 2017ല്‍ സഖ്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിന്‍ഡ മൂന്നു വര്‍ഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബര്‍ പാര്‍ട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി. 1996നു ശേഷം ന്യൂസീലന്‍ഡില്‍ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്.