പഠാനോട് ഏറ്റുമുട്ടാന്‍ കശ്മീര്‍ ഫയല്‍സ് വീണ്ടും തിയേറ്ററുകളിലേക്ക്

ഷാരൂഖ് ഖാന്‍ നായകനായ പഠാനോട് ഏറ്റുമുട്ടാന്‍ വിവാദ ചിത്രമായ കശ്മീര്‍ ഫയല്‍സ് വീണ്ടും തിയേറ്ററുകളിലേക്ക്. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയാണ് ചിത്രത്തിന്റെ റീ റിലീസ് കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ജനുവരി 19നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. ഒരു വര്‍ഷം രണ്ട് തവണയായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയായി ഇതോടെ കശ്മീര്‍ ഫയല്‍സ്.

കശ്മീര്‍ ഫയല്‍സ് സിനിമ സൃഷ്ടിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ ഇസ്രായേലി സിനിമാ സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ നദാല്‍ ലാപിഡ് കശ്മീര്‍ ഫയല്‍സിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. സിനിമ പ്രൊപഗണ്ടയാണെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതേസമയം, ജനുവരി 25നാണ് പഠാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുക.