വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകും; പുതിയ പ്രഖ്യാപനവുമായി കോൺഗ്രസ്

ബംഗളൂരു: കർണാടയിൽ പുതിയ പ്രഖ്യാപനവുമായി കോൺഗ്രസ്. അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്നാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത ചടങ്ങിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

‘ഗൃഹലക്ഷ്മി യോജന’ എന്ന പേരിലായിരിക്കും പദ്ധതി നടപ്പിലാക്കുക. 24,000 രൂപ പ്രതിവർഷം വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കാനാണ് പദ്ധതി. സ്ത്രീശാക്തീകരണമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സംസ്ഥാനത്തെ ഓരോ സ്ത്രീയേയും ശാക്തീകരിക്കുക വഴി അവരെ സ്വന്തം കാലിൽ നിർത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഒന്നര കോടി സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുകയെന്നും കോൺഗ്രസ് അറിയിച്ചു.

സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്നാണ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിക്കെതിരെ പ്രിയങ്ക വിമർശനം ഉന്നയിക്കുകയും ചെയ്തു. അഴിമതിയിൽ മുങ്ങിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രിയങ്ക വിമർശിച്ചു. കർണാടകയിലെ അവസ്ഥ തീർത്തും ലജ്ജാകരമാണ്. നിങ്ങളുടെ മന്ത്രിമാർ തൊഴിൽ നൽകുന്നതിന് 40 ശതമാനം കമ്മീഷൻ ഈടാക്കുന്നുണ്ട്. പൊതുജനത്തിന്റെ ഒന്നരലക്ഷം കോടി രൂപയാണ് അഴിമതിയിലൂടെ നഷ്ടപ്പെട്ടതെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം, അധികാരത്തിൽ എത്തിയാൽ മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നും നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.