തിരുവനന്തപുരം: പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ട എന്ന കായിക മന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഹങ്കാരത്തിന്റേയും ധിക്കാരത്തിന്റേയും സ്വരമാണ് മന്ത്രിക്കെന്ന് അദ്ദേഹം വിമർശിച്ചു.
കേരള രാഷ്ട്രീയത്തിന്റെ വരാന്തയിൽ കയറി നിന്ന ആരെങ്കിലും ഇത്തരം ഒരു പരാമർശം നടത്തുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയണം. സംസ്ഥാനത്ത് നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരം വൻവിജയമാക്കി തീർക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കേണ്ടതായിരുന്നു. രാജ്യാന്തര മത്സരം നന്നായി നടത്തിയാൽ കൂടുതൽ മത്സരങ്ങൾ ലഭിക്കുകയും അതിലൂടെ കായിക മേഖലയ്ക്ക് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും ഗുണമുണ്ടാവുകയും ചെയ്യുമായിരുന്നു. കേരളത്തിന്റെ മനഃസാക്ഷിയെ വെല്ലുവിളിക്കുന്ന മന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള കേരള ജനതയുടെ പ്രതികരണമാണ് ഇപ്പോൾ കണ്ടത്. പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ മന്ത്രി തയാറാകണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
പട്ടിണി കിടക്കുന്ന പാവങ്ങളോട് പുച്ഛത്തോടെ പെരുമാറിയ മന്ത്രി ആ സ്ഥാനത്ത് തുടരാൻ പാടില്ല. അധികാരത്തിന്റെ അഹങ്കാരം ഉച്ചസ്ഥായിയിൽ നിൽക്കുന്നത് കൊണ്ടാണ് ഇത്തരമൊരു പ്രതികരണമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഗുണ്ടകളും മയക്ക് മരുന്ന് മാഫിയയും അഴിഞ്ഞാടുകയാണ്. തിരുവനന്തപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ ചെറുപ്പക്കാരനെ രക്ഷിക്കാൻ പോയ പൊലീസിനു നേരെ ബേംബെറിഞ്ഞു. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ അനുജനെ ഈ ഗുണ്ടാസംഘം കിണറ്റിലിട്ടു. ഗുണ്ടാ-ലഹരി മാഫിയാ സംഘങ്ങളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുപോലും ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
മയക്കു മരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകർതൃത്വമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. അതാണ് ആലപ്പുഴയിൽ കണ്ടത്. ആലപ്പുഴയിലെ സിപിഎം ജില്ലാ നേതാവ് ഉൾപ്പെടെയുള്ളവർ ലഹരി മാഫിയയ്ക്ക് പിന്നിലുണ്ട്. ലഹരിമരുന്ന് മാഫിയയ്ക്ക് പ്രദേശിക തലത്തിൽ എല്ലാ പിന്തുണയും നൽകുന്നത് സിപിഎമ്മാണ്. ജീർണത ബാധിച്ചിരിക്കുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. അപകടകരമായ നിലയിൽ അണികളും നേതാക്കളും ഭരണത്തെ ദുരുപയോഗം ചെയ്യുകയാണ്. അതിന്റെ ഇരകളായി മാറുന്നത് കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

