തുറവൂര്‍: ശശി തരൂര്‍ തറവാടി നായരാണെന്ന് പൊതുവായി പറഞ്ഞതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുറവൂര്‍ വളവനാട് മഹാവിഷ്ണുക്ഷേത്രത്തില്‍ ഭൂമി സമര്‍പ്പണവും എസ്.എന്‍.ഡി.പി. യോഗം ചേര്‍ത്തല യൂണിയന്റെ മൈക്രോ ഫിനാന്‍സ് വായ്പ വിതരണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘ഡല്‍ഹി നായരാണ് തരൂരെന്നാണാദ്യം പറഞ്ഞത്. ചങ്ങനാശ്ശേരിയില്‍ തരൂര്‍ എത്തിയപ്പോള്‍ തറവാടി നായരായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ വിശ്വപൗരനായി. തറവാടി നായരെന്നതു സ്വകാര്യ സംഭാഷണത്തില്‍ പറയാമെങ്കിലും പൊതുവേദിയില്‍ പറഞ്ഞതോടെ തരൂരിന്റെ രാഷ്ട്രീയഭാവി അവസാനിച്ചു. വിലകുറഞ്ഞ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടും ഒരു എം.എല്‍.എ. മാരും ഒരക്ഷരം പോലും മിണ്ടിയില്ല’- വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

