കൊച്ചി: വൈപ്പിൻ ഞാറക്കലിൽ ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സജീവൻ മക്കളോട് പറഞ്ഞത് അമ്മ വഴക്കിട്ട ശേഷം മറ്റൊരാളോടൊപ്പം പോയെന്നാണ്. കൊല്ലപ്പെട്ട നായരമ്പലം സ്വദേശി രമ്യയുടെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുറത്തറിഞ്ഞാൽ നാണക്കേടാണെന്ന് സജീവൻ കുട്ടികളോട് പറഞ്ഞു. ആരെങ്കിലും ചോദിച്ചാൽ അമ്മ പുറത്ത് പഠിക്കാൻ പോയിരിക്കുകയാണെന്ന് പറയണമെന്നും ഇയാൾ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചു. രമ്യയെ അന്വേഷിച്ച ബന്ധുക്കളോടും അയൽവാസികളോടും ഇയാൾ ഇതേ കള്ളം ആവർത്തിച്ചു. രമ്യ ബംഗളുരുവിൽ പഠിക്കാൻ പോയെന്നായിരുന്നു സജീവൻ ഇവരോടെല്ലാം പറഞ്ഞത്.
2021 ആഗസ്റ്റ് 16നാണ് കൊലപാതകം നടത്തിയതെന്നാണ് സജീവൻ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഭാര്യയെക്കുറിച്ചുള്ള ചില സംശയങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും ഇയാൾ വെളിപ്പെടുത്തി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ രമ്യയുടെ കഴുത്തിൽ കയർ മുറുക്കിയാണ് കൊലപാതകം നടത്തിയത്. പകൽ സമയത്തായിരുന്നു കൊലപാതകം. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടുമുറ്റത്ത് കുഴിച്ചിടുകയും ചെയ്തു.

