ന്യൂഡൽഹി: നീലക്കുറിഞ്ഞികളുടെ സംരക്ഷണത്തിനായി നടപടികൾ സ്വീകരിച്ച് കേന്ദ്രം. നീലക്കുറിഞ്ഞി നശിപ്പിച്ചാൽ മൂന്ന് വർഷം തടവും, ഇരുപത്തയ്യായിരം രൂപ പിഴയും ചുമത്താമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിർദ്ദേശം നൽകി. ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ III പ്രകാരം നീലക്കുറിഞ്ഞിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്. 19 സസ്യങ്ങളാണ് ഷെഡ്യുൾ മൂന്നിൽ ആകെയുള്ളത്. ഇതിൽ നീലക്കുറിഞ്ഞിയാണ് ഒന്നാം സ്ഥാനത്തുള്ളത്.
പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. സംരക്ഷിത സസ്യമായാണ് കേന്ദ്ര സർക്കാർ നീലക്കുറിഞ്ഞിയെ പരിഗണിക്കുന്നത്. തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നീലക്കുറിഞ്ഞി വളരുന്നുണ്ടെങ്കിലും മൂന്നാർ മേഖലയിലാണ് ഇവ കൂടുതൽ കാണപ്പെടുന്നത്. നീലക്കുറിഞ്ഞി കൃഷിചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞിച്ചെടികൾ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
നീലക്കുറിഞ്ഞി വീണ്ടും ഉണ്ടാകുന്നത് ഉണങ്ങിയ പൂക്കളിൽ നിന്ന് മണ്ണിൽ വീഴുന്ന വിത്തിലൂടെയാണ്. പൂക്കൾ പറിച്ചെടുത്താൽ വിത്ത് മണ്ണിൽ വീഴില്ല. അതിനാലാണ് പൂ പറിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

