ആലപ്പുഴ: ജില്ലയില്‍ പലയിടത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ്, ഇറച്ചിക്കോഴി വില്‍പന വീണ്ടും കുറഞ്ഞു. കുട്ടനാട്, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലെ ചില പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ചത്. ആലപ്പുഴ നഗരത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിക്കുന്ന പ്രദേശങ്ങളില്‍ പത്തു കിലോമീറ്ററോളം ചുറ്റളവില്‍ കോഴി-താറാവ് ഇറച്ചിക്കും മുട്ടയ്ക്കും താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും കോഴി വിപണിയിലും ഇടിവുണ്ടായി. ഇതോടെ താറാവ്, കോഴിയിറച്ചി വാങ്ങിയിരുന്നവര്‍ മത്സ്യങ്ങളിലേക്കും ബീഫ്, മട്ടന്‍ വിഭവങ്ങളിലേക്കും മാറി. ഹോട്ടലുകളും ഇതുകാരണം പ്രതിസന്ധിയിലായി. ഇടക്കിടെ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതു മൂലം പല കര്‍ഷകരും മേഖല വിട്ടൊഴിയുന്നതിനാല്‍ തമിഴ്നാട്ടില്‍നിന്നു കോഴികള്‍ കൂടുതലായി എത്തുന്നു. 450 രൂപ വിലയുണ്ടായിരുന്ന താറാവിന് ഇപ്പോള്‍ വില 300 രൂപയില്‍ താഴെയെത്തി. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 140 രൂപയും ഇറച്ചിക്ക് 240 രൂപയുമാണ് ശരാശരി നിരക്ക്.
അചേസമയം, പക്ഷിപ്പനി സ്ഥിരീകരിക്കണമെങ്കില്‍ മൃഗസംരക്ഷണവകുപ്പ് സാംപിളുകള്‍ ശേഖരിച്ച് ഭോപാലിലെ ലാബിലേക്ക് അയക്കണം. 15 ദിവസത്തിന് ശേഷം പരിശോധനാഫലം ലഭിച്ചതിനുശേഷമാണ് സ്ഥിരീകരണം.

