തണുത്തു വിറച്ച് മൂന്നാര്‍; താപനില മൈനസ് ഡിഗ്രിയില്‍

ഇടുക്കിയില്‍ മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ലോക്കാട് എന്നിവിടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നില്‍ എത്തിയത്.

ഡിസംബര്‍ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താന്‍ വൈകി. ഇന്ന് പുലര്‍ച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മഞ്ഞുമൂടിയ പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളുമെത്തി.

അതേസമയം, കേരള തമിഴ്‌നാട് അതിര്‍ത്തിയായ വട്ടവട ഗ്രാമത്തിലും മൈനസ് ഡിഗ്രിയില്‍ തന്നെയാണ് തണുപ്പ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില താഴുന്നത്.