ത്രീ.ഡി ഫോര്‍ കെയില്‍ ‘ടൈറ്റാനിക്ക്’ വീണ്ടും തിയേറ്ററുകളിലേക്ക്

ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമാ ആസ്വാദകരിലേക്ക് എത്തുന്നു. ചിത്രം ത്രീ.ഡി ഫോര്‍ കെ ദൃശ്യതയോടെയാകും ഇത്തവണ പ്രേക്ഷകരിലെത്തുക. ഫെബ്രുവരി 10ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഇരുപത്തിയഞ്ചാം വാര്‍ഷിക പ്രത്യേക ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാര്‍ഷിക സമയമായ 2012 ഏപ്രിലില്‍ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദര്‍ശനത്തിനെത്തിയിരുന്നു.

മികച്ച ചിത്രം, സംവിധായകന്‍, ഛായാഗ്രഹണം ഉള്‍പ്പെടെ 11 അക്കാദമി അവാര്‍ഡുകള്‍ നേടിയ ചിത്രം 1997ലാണ് ആദ്യമായി സ്‌ക്രീനിലെത്തുന്നത്. ചിത്രം പുറത്തിറങ്ങി ഉടനെ തന്നെ ആഗോള ബോക്സ് ഓഫീസ് ജേതാവായി മാറുകയും ചെയ്തു. നിലവില്‍ ലോകമെമ്ബാടുമുള്ള സിനിമകളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് ടൈറ്റാനിക്കിന് സ്വന്തമാണ്.

ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജാക്ക് ഡേവിസണ്‍, റോസ് ഡ്വിറ്റ് ബുക്കറ്റെര്‍ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചത്.