പാലക്കാട്: അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി പി ശശി കുമാറിനെ വിസ്തരിച്ചു. മധു കേസിൽ പുനരന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് പി ശശി കുമാർ. ഇദ്ദേഹമായിരുന്നു കേസിൽ തുടരന്വേഷണം നടത്തി സപ്ലിമെന്ററി കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.
മധു കേസിൽ ശശികുമാറിനെ പുനരന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത് ആദ്യം നൽകിയ കുറ്റപത്രത്തിലെ പോരായ്മകൾ പരിഹരിക്കാനായാണ്. ഇദ്ദേഹം തയാറാക്കി കോടതിയിൽ സമർപ്പിച്ച സപ്ലിമെന്ററി ചാർജ് ഷീറ്റിനെ കുറിച്ചാണ് മുഖ്യ വിസ്താരത്തിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട അനുബന്ധ മഹസറുകളും മൂന്ന് സീൽ പ്ലാനുകളും തയ്യാറാക്കിയതായി ഡിവൈഎസ്പി വ്യക്തമാക്കി.
മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. ബൽറാമിന്റെ മൊഴി ഫോണിലൂടെയാണ് എടുത്തതെന്നും കൂടാതെ പാടവയൽ, കള്ളമല വില്ലേജ് ഓഫീസർമാരുടെ മൊഴിയും എടുത്തതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ പോരായ്മകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടില്ലെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഡിവൈഎസ്പി പറഞ്ഞു. പ്രതികളുടെ ഫോട്ടോയും മധുവിന്റെ ഫോട്ടോയുടെ പ്രിന്റും എടുത്ത ഫൊട്ടോഗ്രാഫർ ജിൻസണെ 65 ബി സർട്ടിഫിക്കറ്റ് മാർക്ക് ചെയ്യുന്നതിനായി വീണ്ടും വിസ്തരിച്ചു. മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് തയാറാക്കിയ ബാക്ക് ഫയൽ മാർക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർ ഹർജി നൽകി. ഇതിനെതിരെ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. ഒറ്റപ്പാലം മുൻ സബ് കലക്ടർ ജെറോമിക ജോർജിനെ വ്യാഴാഴ്ച വീണ്ടും വിസ്തരിക്കും.

