വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ; കേരള ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ ഉയർത്തണമെന്ന നിർദേശം നടപ്പാക്കാത്തതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. വിഷയത്തിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കോടതി ഉത്തരവ് മാനിക്കുന്നില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയല്ലാതെ മറ്റ് വഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. 1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർധിപ്പിക്കാൻ 2012-ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കർണാടക മോഡലിൽ പെൻഷൻ നിശ്ചയിച്ച ജുഡീഷ്യൽ ഓഫീസർമാരുടെയും പെൻഷൻ വർധിപ്പിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.

3.07 മടങ്ങിന്റെ വർധനവാണ് കോടതി നിർദേശിച്ചത്. വഹിച്ചിരുന്ന തസ്തികയുടെ പരിഷ്‌കരിച്ച ശമ്പള സ്‌കെയിലിന്റെ ചുരുങ്ങിയത് അമ്പത് ശതമാനം എങ്കിലും പെൻഷനായി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തീരുമാനം മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം സെപ്തംബറിൽ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ ഇപ്പോഴും നിർദേശം നടപ്പാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യുറി സുപ്രീം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ച് വരുത്തേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.