ശബരിമല: മകരവിളക്കിന്റെ തിരക്കു നിയന്ത്രണത്തിന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 2958 പൊലീസുകാരാണ് ഇത്തവണ എത്തിയത്. വന്‍ സുരക്ഷയാണ് ഇത്തവണ ഒരുക്കുന്നത്. സന്നിധാനത്ത് ഇ.എസ്. ബിജുമോന്‍, പമ്പയില്‍ കെ.കെ അജി, നിലയ്ക്കല്‍ ആര്‍.ഡി അജിത്ത് എന്നിവര്‍ പൊലീസ് സ്‌പെഷല്‍ ഓഫീസര്‍മാരായി ചുമതലയേറ്റു.
അതേസമയം, സന്നിധാനത്ത് 1875 പൊലീസുകാരാണുള്ളത്. 12 ഡിവൈഎസ്പി, 36 സിഐ, 125 എഎസ്‌ഐ എന്നിങ്ങനെ. കൊടിമരം, സോപാനം,പതിനെട്ടാംപടി, മാളികപ്പുറം,നടപ്പന്തല്‍, കെഎസ്ഇബി,ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി, എസ്എം സെക്ടര്‍, മരക്കൂട്ടം, സ്ട്രൈകര്‍,പാണ്ടിത്താവളം എന്നിങ്ങനെ 12 സെക്ടറായി തിരിച്ചു പൊലീസിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സെക്ടറിലും 3 സിഐമാരുടെ നേതൃത്വത്തിലുള്ള ഡ്യൂട്ടി പോയിന്റ് കൃത്യമായി ഏകോപിപ്പിച്ചു തിരക്കു നിയന്ത്രിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. മകര വിളക്ക് ദിവസത്തെ തിരക്കു പരിഗണിച്ച് 5 ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ ഒരു കമ്പനി സിവില്‍ പൊലീസ് ഓഫീസര്‍മാരെ കൂടി എത്തിക്കാന്‍ തീരുമാനമായി. അസി. സ്‌പെഷല്‍ ഓഫിസറായി പ്രതാപന്‍ നായര്‍ ചുമതലയേറ്റു. കേന്ദ്ര ദ്രുതകര്‍മ സേന, ദുരന്തനിവാരണ സേന, സംസ്ഥാന പൊലീസിന്റെ കമാന്‍ഡോകള്‍ എന്നിവരും ഇതിനു പുറമേ ഉണ്ട്. കൂടാതെ പൊതു സുരക്ഷ, ഭണ്ഡാര സുരക്ഷ, ഇന്റലിജന്‍സ്, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങിയവയ്ക്കായി പ്രത്യേക സംഘങ്ങളുണ്ട്.
പമ്പയില്‍ 6 ഡിവൈഎസ്പി, 15 സിഐ, 88 എസ്‌ഐ-എഎസ്‌ഐ, 8 വനിതാ സിഐ, 430 പുരുഷ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 581 പേരെ 5 സെക്ടറായി വിന്യസിച്ചു. അരുണ്‍ കെ. പവിത്രനാണ് അസി. സ്‌പെഷല്‍ ഓഫിസര്‍. നിലയ്ക്കലില്‍ 6 ഡിവൈഎസ്പി, 15 സിഐ, 83 എസ്‌ഐ, 8 വനിതാ സിഐ,എസ്‌ഐ, 350 പുരുഷ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 502 പേര്‍ ഉണ്ട്. അമ്മിണിക്കുട്ടനാണ് അസി. സ്‌പെഷല്‍ ഓഫിസര്‍.

